ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പില്‍ വരും പുതിയ മാറ്റം






ആന്‍ഡ്രോയിഡിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ പതിപ്പിലെ പ്രധാന സൗകര്യങ്ങളിലൊന്നാണ് സ്പ്ലിറ്റ്-സ്‌ക്രീന്‍. പേര് വ്യക്തമാക്കും പോലെ സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനിനെ രണ്ടാക്കി വിഭജിക്കാനും അതില്‍ ഒരോന്നിലും വ്യത്യസ്ത ആപ്പുകള്‍ തുറക്കാനും സാധിക്കും. എന്നാല്‍ ഒരു പരിമിതിയുണ്ട് ഇതിന്. ഒരേസമയം രണ്ട് ആപ്പുകള്‍ തുറക്കാന്‍ സാധിക്കുമെങ്കിലും അവ ഒരേസമയം പ്രവര്‍ത്തിപ്പിക്കാനാവില്ല. ഒരു ആപ്പ് തുറക്കുമ്പോള്‍ മറ്റേ സ്‌ക്രീന്‍ നിശ്ചലമായിരിക്കും. എന്നാല്‍ ആന്‍ഡ്രായിഡിന്റെ അടുത്ത പതിപ്പില്‍ ഈ പരിമിതി പരിഹരിക്കുമെന്നാണ് വിവരം. അതായത് സ്പ്ലിറ്റ് സ്‌ക്രീനുകളില്‍ തുറക്കുന്ന രണ്ട് ആപ്ലിക്കേഷനുകളും ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.


രണ്ട് വര്‍ഷം മുമ്പ് ആന്‍ഡ്രോയിഡ് ന്യൂഗട്ടിലാണ് സ്പ്ലിറ്റ് സ്‌ക്രീന്‍ ഫീച്ചര്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ആപ്ലിക്കേഷനുകളില്‍ നിന്നും ഇടക്കിടെ പുറത്തുപോവാതെ ഒരേസമയം ഒന്നിലധികം പ്രവൃത്തികള്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കപ്പെട്ടത്. നിലവില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍, ഫ്രീഫോം, പിക്ചര്‍ ഇന്‍ പിക്ചര്‍ എന്നിങ്ങനെ മൂന്ന് മള്‍ടി വിന്‍ഡോ മോഡുകളാണുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റിലും പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലും ഈ സൗകര്യം ലഭ്യമാവും.


ആന്‍ഡ്രോയിഡ് ക്യൂ ആണ് വരാനിരിക്കുന്ന പതിപ്പ്. ഇതില്‍ രണ്ട് ആപ്ലിക്കേഷനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ‘മള്‍ടി റെസ്യൂം ഫീച്ചര്‍’ ഉണ്ടാവുമെന്നാണ് വിവരം. എന്നാല്‍ ആന്‍ഡ്രോയിഡ് ക്യു നെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഗൂഗിള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് പൈയില്‍ തന്നെ ലഭ്യമായേക്കും എന്ന സൂചനയുമുണ്ട്. നിലവില്‍ ചില ഫോണുകളില്‍ ആന്‍ഡ്രോയിഡ് പൈ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഈ ഫോണുകളില്‍ പരീക്ഷിച്ചതിന് ശേഷമായിരിക്കും ഈ ഫീച്ചര്‍ മറ്റുള്ളവരിലേക്ക് എത്തുക.

Previous
Next Post »